കൊല്ലം: വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍, പ്രതിശ്രുത വരന്‍ കൂടിയായ പള്ളിമുക്ക് സ്വദേശി ഹാരിസ് (24) അറസ്റ്റില്‍. കൊട്ടിയം പൊലീസ് ഇന്നലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് 24കാരിയായ യുവതിയെ കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കു സമീപത്തെ വാടക വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ പിതാവ് റഹീം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് രക്ഷിതാക്കളുടെയും റംസിയുടെ സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. റംസിയും ഹാരിസും തമ്മിലുള്ള ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ ഒരു സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

വിവാഹത്തിന് മുമ്പായുള്ള വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് റംസിയയെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. പലപ്പോഴായി റംസിയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു.

പ്രമുഖ സീരിയല്‍ നടിയുടെ ഭര്‍തൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിലുണ്ട്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.