കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് ടി.പി കേസ് പ്രതികളുടെ മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ബിരിയാണി കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടി.പി കേസ് പ്രതികളാണ് റോബിന്‍ വടക്കുഞ്ചേരിയെ മര്‍ദ്ദിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒരു വര്‍ഷമായി റിമാന്‍ഡില്‍ കഴിയുകയാണ് റോബിന്‍.

ഫാ റോബിനെ സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജയില്‍ മാറ്റം. സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോഴാണ് ടി.പി കേസിലെ പ്രതികള്‍ റോബിനെ മര്‍ദ്ദിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജയിലില്‍ വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നവജാത ശിശുവിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കേസില്‍ 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ അറസ്റ്റിലായത്. കണ്ണൂരിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ വികാരി ആയിരിക്കെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ സഭയുടെ അനാഥാലയത്തിലാക്കിയിരുന്നു.