കൊച്ചി: ഇന്ത്യയുടെ അണ്ടര്‍17 ലോകകപ്പ് താരം കെ.പി രാഹുലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മലയാളി താരവുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ധാരണയായിരുന്നുവെങ്കിലും ഇന്നലെ വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മ്മടെ തൃശൂര്‍ ഗഡി എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ കെ.പിയെ ബ്ലാസ്‌റ്റേഴ്‌സ് അവതരിപ്പിച്ചത്.

കഴിഞ്ഞ അണ്ടര്‍17 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന രാഹുല്‍ ഈ സീസണില്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി മൂന്നു ഗോളുകള്‍ നേടിയിരുന്നു. ഹീറോ സൂപ്പര്‍ കപ്പില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇന്ത്യന്‍ ആരോസ് ടീമിലും രാഹുലുണ്ടായിരുന്നു. അണ്ടര്‍23 എ.എഫ്.സി ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീമിലും താരം ഇടം നേടിയിരുന്നു.

ഇന്ത്യയുടെ അണ്ടര്‍ 17 ടീമില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന അഞ്ചാമത്തെ താരമാണ് രാഹുല്‍. ഗോള്‍ കീപ്പര്‍ ധീരജ് സിങ്, ജെക്‌സണ്‍ സിങ്, മുഹമ്മദ് റാകിപ്, നൊങ്ദംബ നവോറെം എന്നിവരെ നേരത്തെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. സ്വന്തം നാട്ടിലെ ടീമിന് വേണ്ടി കളിക്കാന്‍ അവസരം കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. വിങ്ങര്‍ ആയും സ്‌്രൈടക്കര്‍ ആയും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്ന താരമാണ് രാഹുല്‍ എന്നും മികച്ച രിതീയില്‍ താരത്തെ ഉപയോഗിക്കുമെന്നും കോച്ച് എല്‍ക്കോ ഷറ്റോറി പറഞ്ഞു.