പാലക്കാട്: നിരന്തരം വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലക്കെതിരെ വല്ലപ്പുഴയിലെ ജനകീയ പ്രതികരണവേദി രംഗത്ത്. ശശികല വല്ലപ്പുഴ സര്‍ക്കാര്‍ സ്‌കൂളില്‍ ഇനി മുതല്‍ പഠിപ്പിക്കരുതെന്നും സ്‌കൂളില്‍ നിന്നും ഒഴിവാക്കണമെന്നും പ്രതികരണവേദി ആവശ്യപ്പെട്ടു.

സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതികരണവേദി ജനകീയ മാര്‍ച്ച് നടത്തും. വൈകുന്നേരം അഞ്ചിനാണ് അപ്പംകണ്ടം സെന്ററില്‍ നിന്നും മാര്‍ച്ച് ആരംഭിക്കുന്നത്. ആര്‍എസ്എസിന് വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നല്‍കുന്നത് ശശികലയാണ്. കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലയുടെ അധ്യാപനം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും ജനകീയ പ്രതികരണവേദി പറഞ്ഞു.

vallapuzha

ശശികലക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നാട്ടുകാരും രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ ശശികല നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിനെതിരെ കാസര്‍കോഡ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ സി ഷുക്കൂര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.