തിരുവനന്തപുരം: ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തതിന് പിറകെ തിരുവനന്തപുരത്തും ആത്മഹത്യ. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇന്ന് രണ്ടു കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആത്മഹത്യ ചെയ്തത്. നേമം സ്വദേശി കരുണാകരന്‍ നാടാര്‍ ആണ് തിരുവനന്തപുരത്ത് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ്ബാബുവാണ് ആത്മഹത്യ ചെയ്തത്. തലശ്ശേരി സ്വദേശിയാണ് മരിച്ച നടേഷ് ബാബു. ഇയാളെ ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.