തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ വായ്പാചെലവ് വാണിജ്യ രഹസ്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വായ്പാചെലവും നടപടിക്രമങ്ങളും വാണിജ്യ രഹസ്യമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദത്തിന് തിരിച്ചടിയായാണ് കമ്മീഷന്‍ ഉത്തരവ്. കണ്‍സോര്‍ഷ്യം ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ ഇടനിലക്കാര്‍ക്ക് രണ്ടു കോടി രൂപ നല്‍കിയതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോള്‍ പറഞ്ഞു. വായ്പക്കു വേണ്ടി വന്ന ചെലവ്, ഇടനിലക്കാരെ തെരഞ്ഞെടുത്ത നടപടി, പ്രതിഫലം നിശ്ചയിച്ച മാനദണ്ഡം തുടങ്ങിയ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. വിവരാവകാശ നിയമപ്രകാരം ഇതു നല്‍കാന്‍ കെഎസ്ആര്‍ടിസി തയാറായിരുന്നില്ല. ബജറ്റ്, ലോ വിഭാഗങ്ങളിലാണ് വായ്പാ ഇടപാടുകള്‍ സംബന്ധിച്ച രേഖകളുണ്ടായിരുന്നത്. ഇവ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് സൂക്ഷിക്കുകയുമാണ് ചെയ്തതിരുന്നത്. ഇത് വായ്കളിലെ ക്രമക്കേടുകള്‍ ഒളിപ്പിച്ചുവെക്കുന്നുവെന്ന ആരോപണം ബലപ്പെടുത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.