മലപ്പുറം: ഹിന്ദു പാര്‍ലമെന്റ് നേതാവും ബാബരി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്ന സി.പി സുഗതന്‍ ഖലീഫ ഉമര്‍ മാനസാന്തരം വന്ന് ഇസ്ലാമായ പോലെയാണെന്ന് മന്ത്രി കെ.ടി ജലീല്‍. വളാഞ്ചേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സിലാണ് കെ.ടി ജലീല്‍ സുഗതനെ പുകഴ്ത്തി ഖലീഫ ഉമറിനോട് ഉപമിച്ചത്. ഖലീഫ ഉമര്‍ മനംമാറി ഇസ്ലാമിലേക്ക് കടന്നു വന്നതാണെന്നും സുഗതനെയും അങ്ങനെ കാണണമെന്നും ജലീല്‍ പറഞ്ഞു.

എന്നാല്‍ ജലീലിന്റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കകം തന്നെ മനം മാറിയ സുഗതന്‍ തീവ്ര ചിന്താഗതിയുമായി സംഘ്പരിവാറിനു വേണ്ടി രംഗത്തെത്തുകയും ചെയ്തു. വനിതാ മതിലിന്റെ മുഖ്യസംഘാടകരില്‍ ഒരാളായി സുഗതനെ നിയോഗിച്ചപ്പോള്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ജലീലിന്റെ സുഗതന്‍ വാഴ്ത്ത് നടന്നത്. വര്‍ഗ്ഗീയവാദിയായ സുഗതനെ നവോത്ഥാന നായകനാക്കി അവതരിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒടുവില്‍ യുവതികളുടെ ശബരിമല ദര്‍ശനം നടന്നപ്പോള്‍ അതിനെതിരെ സുഗതന്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോയ ആര്‍.എസ്.എസ് നേതാക്കളില്‍ പ്രമുഖനാണ് സുഗതന്‍. ബാബരി മസ്ജിദ് തകര്‍ത്ത കല്ല് താന്‍ ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.