മലപ്പുറം: ഹജ്ജിന് സബ്‌സിഡി വേണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. മുസ്്‌ലിം സംഘടനകളും അത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകണം. സമുദായത്തിനിടയില്‍ സ്വയം വിമര്‍ശനത്തിന് അവസരം നല്‍കുകയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. ഇക്കാര്യം കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കും. നിയമ വിദഗ്ദ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഹജ്ജ് നയം സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി മുഖാന്തിരം കോടതിയെ സമീപിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് ഈ കേസില്‍ വിധിയുണ്ടാകും. അതിനുമുമ്പ് 22ന് നറുക്കിടാനാണ് കേന്ദ്ര നീക്കം. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര നടപടി ചിലരെ പ്രീതിപ്പെടുത്താനും മറ്റുചിലരെ വേദനിപ്പിക്കാനും ഉദ്ദേശിച്ചാണ്. 2022 ഓടെ സബ്‌സിഡി നിര്‍ത്തലാക്കണമെന്നാണ് സിുപ്രീം കോടതി നിര്‍ദേശം. സ്വാഭാവിക മരണം സംഭവിക്കും മുമ്പ് കഴുത്തു ഞെരിച്ചു കൊല്ലുമ്പോലെയായി ഇപ്പോഴത്തെ കേന്ദ്ര നടപടിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.