കൊച്ചി: മതഗ്രന്ഥം മറയാക്കി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് മന്ത്രി കെ.ടി ജലീല്‍. ഡിപ്ലോമാറ്റിക് ബാഗേജ് മറയാക്കി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം. അത് പരിശോധിക്കേണ്ടത് കസ്റ്റംസാണ്. തനിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജലീല്‍ പറഞ്ഞു.

തനിക്ക് സൗകര്യപ്രദമായ സമയം രാത്രിയായതിനാണ് ചോദ്യം ചെയ്യലിന് രാത്രി വരട്ടേയെന്ന് എന്‍ഐഎ ഉദ്യോഗസ്ഥരോട് ചോദിച്ചത്. രാവിലെ ആറ് മണിയോടെ എന്‍ഐഎ ഓഫിസിലെത്തിയെന്നും ആറെകാലോടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചെന്നും ജലീല്‍ വ്യക്തമാക്കി.

ജലീലും സിപിഎമ്മും ഇതുവരെ പറഞ്ഞ നിലപാടില്‍ നിന്നുള്ള മാറ്റമാണ് ഇപ്പോള്‍ കാണുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മതഗ്രന്ഥത്തിന്റെ പേര് പ്രതിപക്ഷം കൊണ്ടുവന്നതാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എന്നാല്‍ മന്ത്രി തന്നെ ഇക്കാര്യത്തില്‍ നിലപാട് മാറ്റുന്നതാണ് ഇപ്പോള്‍ കാണുന്നത്.