കൊച്ചി: ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം സത്യമല്ലാതാവില്ലെന്ന് എന്‍ഐഎ ഓഫീസില്‍ നിന്ന് പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. ആരും വേവലാതിപ്പെടേണ്ട കാര്യമില്ല. സത്യം സത്യമല്ലാതാവില്ലെന്നും ജലീല്‍ പറഞ്ഞു. എന്‍ഐഎ ഓഫീസില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനെത്തിയിരിക്കുകയാണ് മന്ത്രി. മനോരമ ന്യൂസാണ് മന്ത്രിയുടെ പ്രതികരണമെന്ന നിലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിപക്ഷ ആരോപണങ്ങളുടെ ആയുസ് അന്വേഷണം തീരുന്നത് വരെയാണ്. സത്യം സത്യമല്ലാതാവുന്നില്ലെന്നും ജലീല്‍ പറഞ്ഞു. വാട്‌സ്അപ്പ് സന്ദേശത്തിലാണ് ജലീലിന്റെ പ്രതികരണം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ എന്‍ഐഎ സംഘം ഇഡി ശേഖരിച്ച വിവരങ്ങള്‍ മുഴുവന്‍ പരിശോധിച്ചിരുന്നു. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നാണ് എന്‍ഐഎ സംശയിക്കുന്നത്. മതഗ്രന്ഥങ്ങളുടെ തൂക്കവും വന്ന പാര്‍സലിന്റെ തൂക്കവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. ഇതാണ് മന്ത്രിക്ക് കുരുക്കാവുന്നത്.

ഇത്തവണയും ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്. നേരത്തെ അരൂരിലെ ഒരു വ്യവസായിയുടെ വാഹനത്തിലാണ് മന്ത്രിയെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ എറണാകുളത്തെ സിപിഎം നേതാവായ യൂസുഫിന്റെ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് എത്തിയത്. മലപ്പുറത്തെ അഡ്രസില്‍ കത്ത് കിട്ടിയത് കൊണ്ടാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയത് എന്നായിരുന്നു അന്ന് മന്ത്രി അതിന് ന്യായീകരണം പറഞ്ഞിരുന്നത്. ഇന്നും ഔദ്യോഗിക വാഹനം ഒഴിവാക്കിയെത്തിയതിന് എന്ത് ന്യായീകരണം മന്ത്രി പറയുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.