ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മോദി വെറും കടലാസ് പുലിയാണെന്നും അതുകൊണ്ട് കാര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. സംസാരിക്കാനുള്ള കഴിവും സോഷ്യല്‍മീഡിയയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും മോദി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അദ്ദേഹത്തിന് ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അക്കാര്യങ്ങള്‍ ജനങ്ങള്‍ക്കും അറിയാമെന്നും കുമാരസ്വാമി പറഞ്ഞു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകും. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നതില്‍ സംശയമില്ല. അതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹത്തിനും പാര്‍ട്ടിക്കുമൊപ്പം തങ്ങളുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.
പിതാവും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയും പ്രധാനമന്ത്രി പദത്തിന് അര്‍ഹനാണെന്ന് താന്‍ പറഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വാചകങ്ങളാണ് അതെന്നും കുമാരസ്വാമി പറഞ്ഞു.