വര്‍ക്കല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരനെ വേദിയിലിരുത്തി സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസംഗം. എന്നാല്‍ പ്രസംഗം അവസാനിക്കുന്നതിന് മുമ്പ് കുമ്മനം വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വര്‍ക്കലയിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ‘സംഘര്‍ഷമില്ലാത്ത സംഘടന പ്രവര്‍ത്തനം’ എന്ന പരിപാടിയിലാണ് സംഭവം.

സംഘര്‍ഷത്തിലൂടെയുള്ള രാഷ്ട്രീയം വിട്ട് ചര്‍ച്ചയിലൂടെ സമാധാനത്തില്‍ എത്തിച്ചേരാനാണ് കുമ്മനത്തോട് ബിനോയ് വിശ്വം പറഞ്ഞത്. എന്നാല്‍ ബിനോയ് വിശ്വം സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കുമ്മനം വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ബിനോയ് വിശ്വത്തിന് മുമ്പ് സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തുറന്നചര്‍ച്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനും മറുപടി പ്രസംഗത്തില്‍ പ്രതികരിക്കാന്‍ കുമ്മനം തയ്യാറായില്ല. തുടര്‍ന്നായിരുന്നു ബിനോയ് വിശ്വം പ്രസംഗം ആരംഭിച്ചത്.

സംഘടനകൊണ്ട് ശക്തരാകൂ എന്നാണ് ഗുരുവിന്റെ ആശയമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് നടക്കുന്ന കൊലപാതക രാഷ്ട്രീയവും സംഘര്‍ഷ രാഷ്ട്രീയവും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതക രാഷ്ട്രീയം ജനങ്ങളെ പരാജയപ്പെടുത്തുമെന്നും അതുകൊണ്ടുതന്നെ സമാധാന ചര്‍ച്ചകള്‍ക്ക് ബിജെപി തയാറാകണം. അതിനുവേണ്ടി ഒരു മധ്യസ്ഥതയില്‍ ഏര്‍പ്പെടാന്‍ പാര്‍ട്ടി തയ്യാറാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.