തിരുവനന്തപുരം: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. കാട്ടാക്കട ആനന്ദ് രാമചന്ദ്രനാണ് (36) മരിച്ചത്. കുവൈറ്റ് എയര്‍വേയ്‌സിലെ സാങ്കേതിക വിഭാഗത്തിലെ ഗ്രൗണ്ട് ടെക്‌നിഷ്യനാണ് ആനന്ദ്. യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആനന്ദ് കുടുംബത്തോടൊപ്പം കുവൈറ്റിലായിരുന്നു താമസിച്ചിരുന്നത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് കുവൈറ്റ് എയര്‍വേയ്‌സിന്റെ ബോയിഗ് 777 300 ഇ.ആര്‍ വിമാനം മാറ്റുന്നതിനിടെയായിരുന്നു അപകടം. വിമാനത്തെ ഹാങ്കറില്‍ നിന്ന് പാസഞ്ചര്‍ ഗേറ്റിലേക്ക് കെട്ടിവലിക്കുന്നതിനിടെ കയര്‍ പൊട്ടിയതാണ് അപകട കാരണം.

ആനന്ദ് പുഷ്ബാക് ട്രാക്ടറില്‍ നിന്നുകൊണ്ട് വിമാനത്തിലെ കോക്പിറ്റിലുണ്ടായിരുന്നയാള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനിടെ കയറ് പൊട്ടിയത് മനസിലാക്കിയ ട്രാക്ടര്‍ െ്രെഡവര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെറിച്ച് താഴെവീണ ആനന്ദിനുമേല്‍ വിമാനം കയറുകയായിരുന്നു. അപകട സമയത്ത് യാത്രക്കാരോ ജീവനക്കാരോ വിമാനത്തില്‍ ഇല്ലായിരുന്നു. അതേസമയം, സംഭവത്തില്‍ ദു:ഖമുണ്ടെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങും. ഭാര്യ :സോഫിന. മകള്‍ : നൈനിക ആനന്ദ്.