കോഴിക്കോട്: പെരുമ്പാവൂരില്‍ സിനിമ നടന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ടാക്‌സി വിളിച്ച യുവതി പണം നല്‍കാതെ മുങ്ങി. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ടാക്‌സി ഓട്ടുന്ന കക്കോടി സ്വദേശി എം.ഷിനോജിനെയാണ് യുവതി കബളിപ്പിച്ചത്.

എറണാകുളത്തെത്തിയ ശേഷമാണ് ടാക്‌സി നിരക്കായ ആറായിരം രൂപ നല്‍കാതെ യുവതി മുങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് ഷിനോജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും കോഴിക്കോട് ടൗണ്‍ പൊലീസിലും പരാതി നല്‍കി.

ഞായറാഴ്ച എട്ടു മണിയോടെയാണ് സംഭവം. യുവതിയും നാലു വയസ്സോളം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും കോഴിക്കോട് റെയില്‍വെ സറ്റേഷനില്‍ നിന്നാണ് എറണാകുളത്തേക്ക് ടാക്‌സി വിളിച്ചത്. യാത്രപുറപ്പെട്ട ഉടന്‍ പെരുമ്പാവൂരില്‍ നടന്റെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് യുവതി ആവശ്യപ്പെട്ടു.

ദീര്‍ഘദൂര ഓട്ടം ലഭിച്ച സന്തോഷത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാതെയാണ് ഷിനോജ് യാത്ര പുറപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍, നടന്റെ വീട്ടിലെത്തി. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ അകത്തേക്ക് കടക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് രാവിലെ എട്ടു മണിയോടെ നടന്‍ നേരിട്ടെത്തി യുവതിയോട് സംസാരിച്ചു. ഇതിനു ശേഷം പാലാരിവട്ടത്തെ കെ.സി.ബി.സി ആസ്ഥാന കാര്യാലയത്തിലേക്ക് പോയി.

മടങ്ങി വരാമെന്ന് അറിയിച്ചെങ്കിലും ഏറെ നേരമായിട്ടും അവര്‍ തിരിച്ചുവന്നില്ല. അവര്‍ പോയ വഴിയെ തിരഞ്ഞെങ്കിലും താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. പിന്നീട് ഡ്രൈവര്‍മാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തെ ടാക്‌സി ഡ്രൈവര്‍മാരാണ് ഷിനോജിന് മടക്കയാത്രക്കുള്ള ഡീസല്‍ അടിക്കാനുള്ള പണം നല്‍കി സഹായിച്ചത്.