പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ആവേശ പ്രചാരണവുമായി വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നവംബര്‍ ഒമ്പതിന് ജയിലില്‍നിന്ന് ഇറങ്ങുമെന്നും അടുത്ത ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിടവാങ്ങല്‍ ചടങ്ങായിരിക്കുമെന്നും ലാലുവിന്റെ മകന്‍ കൂടിയായ തേജസ്വി യാദവ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ബിഹാറിലെ ഹിസുവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തേജസ്വി ഇക്കാര്യം പറഞ്ഞത്.

ലാലുവിന് ഒരു കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും മറ്റൊരു കേസില്‍ നവംബര്‍ ഒമ്പതിന് ജാമ്യം ലഭിക്കുമെന്നും തേജസ്വി പറഞ്ഞു. തന്റെ ജന്മദിനം കൂടിയാണ് നവംബര്‍ ഒമ്പത്. തൊട്ടടുത്ത ദിവസമായിരിക്കും നിതീഷിന്റെ വിടവാങ്ങല്‍ ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കേസിൽ ജാർഖണ്ഡിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിലവിൽ ലാലു പ്രസാദ് യാദവ്. ഝാർഖണ്ഡ് ഹൈക്കോടതി ഒരു കേസിൽ ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റൊരു കേസിലെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ആയതിനാൽ പുറത്തിറങ്ങാനായില്ല. അതിനിടെയാണ് നവംബർ ഒൻപതിന് ലാലു പുറത്തിറങ്ങുമെന്ന അവകാശവാദവുമായി തേജസ്വി രംഗത്തെത്തിയത്.

ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നീ തീയതികളാണ് ബിഹാറിലെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ്. നവംബർ പത്തിനാണ് വോട്ടെണ്ണൽ. ആ ദിവസം നിതീഷ് വിടവാങ്ങുമെന്നുമാണ് തേജസ്വി പറയുന്നത്.  വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനൊപ്പം പ്രചാരണ വേദികള്‍ ഇളക്കിമറിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ സന്ദര്‍ശനം.

അഴിമതി തടയാനോ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ, തൊഴിലാളികൾക്ക് ജോലി തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ട അവസ്ഥയ്ക്ക് മാറ്റം വരുത്താനോ നിതീഷ് കുമാറിന് കഴിഞ്ഞില്ലെന്ന് തേജസ്വി കുറ്റപ്പെടുത്തി. മഹാസഖ്യം അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷിക്കാനുള്ള തീരുമാനമെടുക്കും. നിതീഷ് ക്ഷീണിതനാണ്. ബിഹാറിന്റെ കാര്യങ്ങൾ നോക്കാൻ അദ്ദേഹത്തിന് കഴിയില്ല. പതിനഞ്ച് വർഷമായി ജനങ്ങൾക്ക് തൊഴിലോ വിദ്യാഭ്യാസമോ ആരോഗ്യ പരിപാലന സംവിധാനങ്ങളോ നൽകാൻ കഴിയാത്തവർക്ക് ഇനിയും അതൊന്നും സാധ്യമാകില്ല. വ്യവസായ മേഖലയിൽ മുന്നേറാനുള്ള അവസരം ബിഹാർ നഷ്ടപ്പെടുത്തിയെന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്തി ചൂണ്ടിക്കാട്ടി.

ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെ ബിഹാറില്‍ ‘മാറ്റം കാണുന്നു’, എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തി.

ബിഹാറിലേക്ക് പോകുമ്പോഴെല്ലാം ആളുകള്‍ നല്‍കുന്ന വാത്സല്യവും ആദരവും ഞാന്‍ അറിയാറുണ്ട്. എന്നാല്‍ ഇന്ന് അതിനപ്പുറം പൊതുജനത്തിന്റെ മുഖത്ത്
ഞാനൊരു പ്രതിജ്ഞ കണ്ടു. ഒരു മാറ്റത്തിനുള്ള തീരുമാനം. പൊള്ള വാഗ്ദാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ദൃഢനിശ്ചയം പ്രധാനമാണ്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Image

ബിഹാറിലെ നവാഡ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി, എന്‍.ഡി.എയുടെ പ്രചാരണ റാലിയില്‍ മോദി നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കി. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം കോവിഡ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണമായി പരാജയപ്പെട്ടതായി കാണിച്ച് രൂക്ഷ വിമര്‍ശനവുമായാണ് രാഹുല്‍ വേദികളില്‍ ആവേശമായത്. അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് പൊതുജനത്തിന് മുമ്പില്‍ തുറന്നടിച്ചു. ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച് ചൈന നുഴഞ്ഞുക്കയറ്റം നടത്തിയിട്ടില്ല എന്ന മോദിയുടെ വാക്കുകള്‍ പച്ചനുണയാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

ഗാല്‍വന്‍ താഴ്വരയിലെ സൈനികരുടെ ജീവത്യാഗവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസ്താവനയ്ക്കുളള മറുപടിയാണ് രാഹുലിന്റെ വാക്കുകള്‍. രാജ്യത്തിന് തലകുനിക്കാന്‍ ഇടനല്‍കാതെ ബിഹാറിന്റെ പുത്രന്മാര്‍ ജീവന്‍ നല്‍കി എന്നായിരുന്നു ഗാല്‍വാനിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്. ബിഹാറിലെ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്‍ തിരിച്ചുചോദിച്ചത്.

ലഡാക്കില്‍ ചൈന നുഴഞ്ഞുക്കയറ്റം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ തളളിയതിലൂടെ മോദി സൈന്യത്തെ അപമാനിച്ചിരിക്കുകയാണ്. ലഡാക്കില്‍ ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന 1200 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ചൈന കയ്യേറിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ചൈനയില്‍ നിന്ന് ഭൂമി എന്ന് തിരിച്ചുപിടിക്കുമെന്ന് രാജ്യത്തോട് പറയാന്‍ മോദിയെ രാഹുല്‍ വെല്ലുവിളിച്ചു.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക നിയമത്തിനെതിരേയും രാഹുല്‍ സംസാരിച്ചു. കര്‍ഷകരെ ആക്രമിക്കാന്‍ മോദി സര്‍ക്കാര്‍ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബിഹാറിലെ മാന്‍ഡിസും എംഎസ്പിയുമായിരുന്നു അവര്‍ ആദ്യം അവസാനിപ്പിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ അവര്‍ അത് മുഴുവന്‍ രാജ്യത്തേക്കും വ്യാപിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ തൊഴിലില്ലാത്തവരാക്കാനാണ് പ്രധാനമന്ത്രി പോകുന്നു. പ്രധാനമന്ത്രി മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണന്നും, രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍.ഡി.എയുടെ പ്രചാരണ റാലിയില്‍ മോദി നടത്തിയ പ്രസ്താവനകള്‍ക്കാണ് രാഹുലിന്റെ മറുപടി.