കാസര്‍ഗോഡ് ദേശീയ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. ബേവിഞ്ചിയില്‍ എന്‍എച്ച് 66 ലാണ് മണ്ണിടിഞ്ഞത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങള്‍ പോകുന്ന പാതയാണ് മണ്ണിടിച്ചിലുണ്ടായത്. ജില്ലാ ഭരണകൂടം പ്രശ്‌ന ബാധിത മേഖലയായി കണ്ടെത്തിയ പ്രദേശത്താണ് വീണ്ടും മണ്ണിടിഞ്ഞത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇവിടെ ദേശീയപാതയുടെ നിര്‍മാണം നടത്തുന്നത്.
മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അശാസ്ത്രീയമായാണ് പാത നിര്‍മിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലമായതോടെ ഈ പ്രദേശത്തെ മണ്ണെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കലക്ടറുടെ ആവശ്യം പരിഗണനയ്‌ക്കെടുക്കാതെ കമ്പനി വീണ്ടും മണ്ണെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. പ്രദേശത്ത് മണ്ണെടുത്തത് കുത്തനെയുള്ള ഉയരത്തിലാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ മുകളിലുള്ള വീടുകളെല്ലാം ഏത് നിമിഷം വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്.