രാജേഷ് വെമ്പായം

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒരു കോളജിലെ മാത്രം സമരമാണെന്ന നിലപാടുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരത്തിന് പിന്തുണയുമായി സി.പി.ഐയും സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദനും രംഗത്തെത്തി. ലോ അക്കാദമി പ്രശ്‌നത്തില്‍ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിദ്യാര്‍ഥി സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ സി.പി.എമ്മിന് പ്രത്യേകമായ നിലപാടില്ല. ലോ അക്കാദമി പ്രശ്‌നത്തില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ല. സി.പി.എം സമരം ഏറ്റെടുക്കാത്തതിനെ കുറിച്ച് നേതൃത്വത്തോട് ചോദിക്കണമെന്നും വി.എസ് തുറന്നടിച്ചു. ലോ അക്കാദമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യവും വി.എസ് ആവര്‍ത്തിച്ചു. ലോ അക്കാദമി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന ആവശ്യം ന്യായമാണെന്ന് കഴിഞ്ഞ ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളും സമരപ്പന്തലിലെത്തിയിട്ടും സി.പി.എം നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് വിദ്യാര്‍ത്ഥികളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കവെയാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബി.ജെ.പി മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ നടത്തിയ 48 മണിക്കൂര്‍ ഉപവാസം അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോടാണ് വി മുരളീധരന്‍ സമരം നീട്ടിയ തീരുമാനമറിയിച്ചത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം ജനകീയ പ്രക്ഷോഭമാക്കി മാറ്റി സമരം തുടരാനാണ് തീരുമാനമെന്ന് കുമ്മനം പറഞ്ഞു.
ലോ അക്കാദമി പ്രിന്‍സിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ലോ അക്കാദമിക്ക് മുന്നില്‍ സമരത്തിലായിരുന്ന എ.ബി.വി.പി പ്രവര്‍ത്തകന്‍ ഇന്നലെ അക്കാദമിയുടെ ഭൂമിയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ചിട്ടുള്ള ഫ്‌ളാറ്റിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി.