തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ വിദ്യാര്‍ത്ഥി. ലക്ഷ്മി നായരുടെ രാജിക്കുവേണ്ടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യഭീഷണി മുഴക്കിയിരിക്കുന്നത്. കഴുത്തില്‍ കുരുക്കിട്ട് മരത്തിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥി. മറ്റ് വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്. എ.ബി.വി.പി പ്രവര്‍ത്തകനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്.

വന്‍ പോലീസ് സംഘവും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാന്‍ പോലീസ് ശ്രമിക്കുകയാണ്.  ഇയാളുടെ കയ്യില്‍ ഒരു ബാഗുമുണ്ട്. ഇതില്‍ പെട്രോളാണെന്നാണ് വിവരം. ലോ അക്കാദമിയിലെ സമരം 28ാം ദിവസത്തിലേക്ക് കടന്നിട്ടും വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

ലോ അക്കാദമിക്ക് മുന്നിലെ വിദ്യാര്‍ഥി സമരം 28ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തില്‍ കെ.മുരളീധരന്‍ എം.എല്‍.എയും ബി.ജെ.പി നേതാവ് വി.വി രാജേഷും നിരാഹാരമിരിക്കുന്നുണ്ട്. നേരത്തെ തിങ്കളാഴ്ച്ച മുതല്‍ ക്ലാസ് ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നുവെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയായിരുന്നു.