തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി സംബന്ധിച്ച് ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിയതിനു പിന്നാലെയാണ് ലോ അക്കാദമി വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയത്.

രണ്ട് വിഷയങ്ങളില്‍ ഇടതുമുന്നണിയിലെ പ്രധാന രണ്ട് പാര്‍ട്ടികള്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചെങ്കിലും ഇടതുമുന്നണി യോഗം വിളിച്ചു ചേര്‍ക്കാന്‍ സി.പി.എം തയാറായിട്ടില്ല. സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തെ അപ്പാടെ തള്ളിക്കളഞ്ഞ് ലോ അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ നിലപാടിനൊപ്പമാണ് സി.പി.ഐ. ലോ അക്കാദമി ഭൂമിയെക്കുറിച്ച് അന്വേഷണമില്ലെന്ന പിണറായിയുടെ പ്രസ്താവന തെറ്റാണെന്നാണ് ഇന്നലെ വി.എസ് പ്രതികരിച്ചത്. സര്‍ക്കാര്‍ ഭൂമി ആര് കയ്യടക്കിയാലും തിരിച്ചെടുക്കണമെന്നും ഇത് സര്‍ക്കാറിന്റെ പ്രാഥമിക ചുമതലയാണെന്നും വി.എസ് പറഞ്ഞു.

ഭൂമി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ആണ് റവന്യൂ മന്ത്രിക്ക് പരാതി നല്‍കിയിത്. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞ ശേഷമാണ് ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ റവന്യൂ മന്ത്രി സ്വന്തം നിലക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണം തുടരുമെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയും ചെയ്തു. ഭരണതലത്തില്‍ സി.പി.ഐ-സി.പി.ഐ ബന്ധം കൂടുതല്‍ വഷളാകുന്നുവെന്ന സൂചനയാണ് ഇന്നലെ ഉണ്ടായത്. റവന്യൂ മന്ത്രിയെ പൂര്‍ണമായും പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് കാനം നല്‍കിയത്.