സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളുടെ പ്രവേശനം സംബന്ധിച്ച് ഒരു മാസത്തിലധികമായി പ്രതിപക്ഷ കക്ഷികളും യുവ ജനസംഘടനകളും സംസ്ഥാനത്ത് സമരത്തിലാണ്. ആറുദിവസമായി മൂന്ന് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ നിരാഹാരസമരത്തിലും രണ്ടു മുസ്്‌ലിം ലീഗ് എം.എല്‍.എമാര്‍ അനുഭാവ സമരത്തിലുമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും തിരുവനന്തപുരത്ത് നിരാഹാരസമരം നടത്തി. നിരാഹാരമിരുന്ന മുന്‍മന്ത്രികൂടിയായ അനൂപ് ജേക്കബ് എം.എല്‍.എയെ അവശതയെതുടര്‍ന്ന് ആസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരുടെ ആരോഗ്യനിലയും മോശമായെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

നിയമസഭയില്‍ ആറാം ദിവസവും സഭാനടപടികള്‍ തടസ്സപ്പെട്ടു. സ്പീക്കറും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും എം.എല്‍.എമാരെ സന്ദര്‍ശിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരാളും തിരിഞ്ഞുനോക്കിയില്ല. യുവജന-വിദ്യാര്‍ഥി സമരക്കാരെ സര്‍ക്കാര്‍ കണ്ണീര്‍വാതകം കൊണ്ട് നേരിട്ടു. മാണി വിഭാഗവും സര്‍ക്കാരിനെതിരെ മുന്നോട്ടുവന്നു. ഇതൊക്കെയായിട്ടും സമരത്തെ മുഖ്യമന്ത്രി അതിനിശിതമായി പരിഹസിക്കുകയും പ്രതിപക്ഷത്തോട് പോയി പണിനോക്കാന്‍ പറയുകയും മാധ്യമ പ്രവര്‍ത്തകരെകൂടി സമരത്തില്‍ പ്രതികളാക്കി ചിത്രീകരിക്കുകയും ചെയ്തു. ആരോഗ്യമന്ത്രി യുവജനസംഘടനാപ്രതിനിധികളോട് സംസാരിച്ചെങ്കിലും യുക്തിയില്ലാത്ത സമരമാണെന്നാണ് മന്ത്രി തന്നെ പുറത്തുപറഞ്ഞത്.

കേരളത്തിലെ സ്വാശ്രയ കോളജുകളുടെ കഴിഞ്ഞ രണ്ടു ദശകത്തെ ചരിത്രത്തിലില്ലാത്ത ഫീസ് വര്‍ധന ഏര്‍പെടുത്തിയതിനെതിരെയാണ് പ്രതിപക്ഷ സമരം. സമരത്തിന് ആധാരമായ പ്രശ്‌നത്തില്‍ സ്പീക്കര്‍ വിളിച്ച ചര്‍ച്ചക്ക് ആദ്യം പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറായെങ്കിലും ഫീസ് കുറക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. പ്രതിവര്‍ഷം ശരാശരി ആറു ശതമാനം മാത്രം വര്‍ധനയുണ്ടായിരുന്ന ഫീസാണ് സെപ്തംബര്‍ ഒന്നിന് ഒപ്പിട്ട കരാര്‍ പ്രകാരം ഒറ്റയടിക്ക് പിണറായി സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് 35 ശതമാനമായി വര്‍ധിപ്പിച്ചുകൊടുത്തിരിക്കുന്നത്. മെറിറ്റ് സീറ്റില്‍ 1,85000 രൂപ എന്നത് 2.5 ലക്ഷം രൂപയാക്കി ഉയര്‍ത്തി. എന്‍.ആര്‍.ഐ ക്വാട്ടയില്‍ 11 ലക്ഷം രൂപ 15 ലക്ഷമാക്കി. ആകെ ഒരു കോടിയിലധികം രൂപയാണ് ഒരു മാനേജ്‌മെന്റ് സീറ്റിലെ വിദ്യാര്‍ഥിക്ക് വരുന്ന പഠനച്ചെലവ്. തങ്ങളര്‍ഹിക്കാത്ത വര്‍ധനയാണ് ഉണ്ടായതെന്ന് ഇന്നലെ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധിയും എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ടുമായ ഡോ. ഫസല്‍ ഗഫൂര്‍ പരസ്യമായി വ്യക്തമാക്കിയിരിക്കുന്നു. ഫീസ് പഴയ 1.85 ലക്ഷമായാലും നഷ്ടം വരില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സമരത്തിലല്ല, വിദ്യാര്‍ഥികളുടെ കാര്യത്തിലാണ് തങ്ങളുടെ പിടിവാശി എന്നു പറഞ്ഞ ഇടതുസര്‍ക്കാരിന്റെ ചെകിട്ടത്തുള്ള കനത്ത പ്രഹരമാണീ വെളിപ്പെടുത്തല്‍.

സത്യത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് പോലും വേണ്ടാത്ത ഫീസ് വര്‍ധന അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. എന്ത് പ്രത്യുപകാരമാണ് സര്‍ക്കാരിലെ ആളുകള്‍ക്ക് ഇതുകൊണ്ട് കിട്ടിയതെന്ന് വ്യക്തമാകേണ്ടതുണ്ട്. മുമ്പ് സ്വാശ്രയ കോളജുകളെന്ന ആശയത്തെ അക്രമാസക്തമായി നേരിട്ട ഇടതുസംഘടനകളുടെ നേതാവായ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ പോലും പഠിച്ചത് സ്വാശ്രയ കോളജിലായിരുന്നു എന്നത് മറച്ചുവെക്കാനാവില്ല. സര്‍ക്കാര്‍ ഇടന്തടിച്ച് നില്‍ക്കുമ്പോഴാണ് കോളജ് മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്ന് പ്രതിപക്ഷ ആവശ്യത്തോട് അനുഭാവപൂര്‍ണമായ ഹസതദാനം ഉയര്‍ന്നിരിക്കുന്നത് എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് നാണക്കേടാണ്. സര്‍ക്കാരിന്റെ നിസ്സംഗതയാണ് ഇവിടെ തെളിഞ്ഞുകാണുന്നത്. ഇന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ചേരുന്നുണ്ട്.
നൂറുശതമാനം സീറ്റുകളിലും നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തണമെന്ന ഉന്നത നീതിപീഠത്തിന്റെ നിര്‍ദേശം പാലിക്കാതിരിക്കാനാണ് സര്‍ക്കാര്‍ മാനേജ്്‌മെന്റുകള്‍ക്കെതിരെ അപ്പീല്‍ പോകാതിരുന്നതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മധ്യപ്രദേശ്, ഝാര്‍ഖണ്ട്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ അപ്പീല്‍ പോയപ്പോഴും കേരളം നോക്കിനിന്നു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന നയമാണിതെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തില്‍ കഴമ്പുണ്ട്.

സെപ്തംബര്‍ 28ലെ വിധിയില്‍ ഇതുവരെ നടത്തിയ പ്രവേശനം ശരിയല്ലെന്നും ഇനി മെറിറ്റ് പാലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞത് സര്‍ക്കാരിനേറ്റ തിരിച്ചടിയായിരുന്നു. എന്നിട്ടും ബാക്കി സീറ്റില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പ്രവേശനനടപടി തീരാന്‍ ഇനി നാലുനാള്‍ മാത്രമുള്ളപ്പോള്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ 1400 ലധികം പരാതികള്‍ തീര്‍പ്പാക്കാന്‍ പെടാപ്പാട് പെടുന്ന മേല്‍നോട്ട സമിതി തലവന്‍ ജെ.എം ജെയിംസിനെ മാറ്റാനല്ലേ പകരം സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്വകാര്യകോളജുകളിലേതിനേക്കാള്‍ കൂടിയ ഫീസാണ് സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ പോലും ഈടാക്കുന്നത്. ഇവിടെയും സര്‍ക്കാര്‍ പിടിവാശി തുടരുന്നത് ആര്‍ക്കുവേണ്ടിയാണ്. ഇരുട്ടിന്റെ മറവില്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ഇടപാടിന് പിന്നില്‍ എത്ര കോടി മറിഞ്ഞുവെന്ന് സി.പി.എം വ്യക്തമാക്കണം. തെരഞ്ഞെടുപ്പുകാലത്ത് ബാര്‍ മുതലാളിമാരുമായി നടന്നതെന്നുപറയുന്ന ഇടപാട് ഇക്കാര്യത്തിലുമുണ്ടായോ എന്നറിയാന്‍ ജനത്തിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ക്ക് എന്ത് പറയാനുണ്ട്?

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വൈദ്യ പഠനം നടത്താനാകാത്ത സ്ഥിതി സംജാതമാക്കിയതിന്റെ ഉത്തരവാദിത്തം ഒരു തൊഴിലാളിപാര്‍ട്ടിയുടെ സര്‍ക്കാരിന് ഭൂഷണമാണോ എന്ന് അണികളെങ്കിലും ചിന്തിക്കുന്നുണ്ടെന്ന് നേതാക്കളോര്‍ക്കണം. കോളജുകള്‍ ഉണ്ടാക്കാനും വേണ്ട പഠന സൗകര്യമൊരുക്കാനും ചെലവുവരുമെന്നതു ശരിതന്നെ. എന്നാല്‍ ഒരു കുട്ടിക്ക് പഠിക്കാന്‍ വരുന്ന ചെലവിന്റെ എത്രയിരട്ടിയാണ് ഇപ്പോള്‍ ഇവര്‍ ഈടാക്കുന്നത്. എവിടേക്കാണ് ഈ പണം പോകുന്നതെന്നതുപോകട്ടെ, സമൂഹത്തിലെ പാവപ്പെട്ട രോഗികളുടെ ചികില്‍സ ഇങ്ങനെ കോടികള്‍ കൊടുത്ത് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ പക്കല്‍ നിന്ന് ഉണ്ടാകുമെന്നെന്താണുറപ്പുള്ളത്. ആരോഗ്യമേഖലയിലെ കടുത്ത ചൂഷണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഭരണം കയ്യാളുന്നതെന്ന് ഓര്‍ക്കണം. അതോ ചോറിങ്ങും കൂറങ്ങും എന്നതുപോലെ അധികാരത്തിന്റെ ശീതളിമയില്‍ പറഞ്ഞതെല്ലാം സ്വയം വിഴുങ്ങിയോ..?

സംസ്ഥാന ചരിത്രത്തിലില്ലാത്ത വിധം എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ തുടരുന്ന നിരാഹാരം അവസാനിപ്പിച്ച് സാമാജികരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വര്‍ധിപ്പിച്ച ഫീസ് കുറക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. അതിനുള്ള സുവര്‍ണാവസരമാണ് വരും നാളുകള്‍. അല്ലാത്തപക്ഷം സെക്രട്ടറിയേറ്റ് പടിക്കലും സംസ്ഥാനത്താകെയും സമരവേലിയേറ്റമാകും ഉണ്ടാകാന്‍ പോകുന്നത്. തീകൊള്ളികൊണ്ട് തല ചൊറിയുന്ന പണി പിണറായി സര്‍ക്കാരെടുക്കരുതെന്നാണിപ്പോള്‍ മുന്നറിയിക്കാനുള്ളത്.