റിയോ ഡീ ജനീറോ: ബ്രസീലിലെ ഫ്ലമിംഗോ ഫുട്​ബാൾ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 10 താരങ്ങള്‍ വെന്തുമരിച്ചു. മൂന്ന്​ പേർക്ക്​ പരിക്കേറ്റു. വെള്ളിയാഴ്​ച പുലർച്ചെ അഞ്ച്​ മണിയോടെയായിരുന്നു സംഭവം. 
ഉറുബു നെസ്​റ്റ്​ യൂത്ത്​ ടീം ട്രെയിനിങ്​ നടത്തുന്ന സമയത്താണ്​ ദുരന്തമുണ്ടായത്​. താരങ്ങൾക്ക്​ താമസ സൗകര്യം ഒരുക്കുന്ന ബ്ലോക്കുകളിലൊന്ന്​ പൂർണമായും കത്തിനശിച്ചുവെന്നാണ്​ റിപ്പോർട്ട്​. മരിച്ചവരെ ഇതുവരെയായിട്ടും തിരിച്ചറിഞ്ഞിട്ടില്ല. 

14നും 17നും ഇടക്ക്​ പ്രായമുള്ളവരാണ്​ തീപിടിത്തത്തിൽ മരിച്ചതെന്നാണ്​ സൂചന. പരിശീലനത്തിന്​ ശേഷം താരങ്ങൾ ഡോർമറ്ററിയിലേക്ക്​ എത്തിയപ്പോഴായിരുന്നു അപകടം. ബ്രസീലിലെ പ്രമുഖ ക്ലബുകളിലൊന്നാണ്​ ഫ്ലമിംഗോ.