വാരാണസി: ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ബി.ജെ.പിയുടെ യുവ ഉദ്‌ഘോഷന്‍ പരിപാടിയും പാളിപ്പോയി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത പരിപാടിയില്‍ 17000 യുവാക്കള്‍ പങ്കെടുക്കുമെന്നായിരുന്നു ബി.ജെപിയുടെ അവകാശവാദം. എന്നാല്‍ വെറും മൂവായിരം പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇതു ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. നേരത്തെ പ്രസ്തുത പരിപാടിയില്‍ കറുത്ത ജാക്കറ്റ് ധരിച്ച് റിപ്പോര്‍ട്ടു ചെയ്യാനെത്തിയ എ.എന്‍.ഐയുടെ മാധ്യമപ്രവര്‍ത്തകനെ നേതാക്കള്‍ക്കെതിരെ കരിങ്കൊടി കാണിക്കുമെന്ന സംശയത്തില്‍ പരിപാടിയില്‍ നിന്നു പുറത്താക്കിയ സംഭവം വലിയ വിവാദമായിരുന്നു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ബി.ജെ.പിയില്‍ ചേര്‍ന്നവരെയാണ് പരിപാടിയില്‍ പ്രധാനമായും ലക്ഷ്യം വെച്ചത്. ഇത്തരം പതിനായിരം പ്രവര്‍ത്തകര്‍ പരിപാടിയില്‍ എത്തുമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ മൂവായിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തത്. ധ്യക്ഷന്‍, മുഖ്യമന്ത്രി തുടങ്ങി പ്രമുഖ നേതാക്കള്‍ അണിനിരന്ന പരിപാടിയില്‍ വേണ്ടത്ര ജന പങ്കാളിത്തം ഇല്ലാതെ പോയതില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സംസ്ഥാന നേതാക്കളെ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സ്ത്രീകളേയും വ്യാപാരികളേയും, മറ്റ് സമുദായക്കാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റ് പരിപാടികളും ഇതേ ദിവസം തന്നെ വാരാണസിയില്‍ നടന്നിരുന്നു. ഇതാണ് പരിപാടിക്ക് ആളില്ലാതെ പോയതെന്ന മുടന്തന്‍ വാദവുമായി ബി.ജെ.പി യുവമോര്‍ച്ച നേതാവും പരിപാടിയുടെ സംഘാടകനുമായ അബിഷീല്‍ ജെയ്‌സ്വാളിന്റെ വിശദീകരണം.

കറുപ്പ് വസ്ത്രം ധരിച്ച് പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ കറുപ്പ് പ്രതിഷേധത്തിന്റെ നിറമാണെന്ന് പറഞ്ഞ് സംഘാടകര്‍ വേദിയില്‍ നിന്നും പുറത്താക്കിയത് വലിയ വിവാദമായിരുന്നു. കറുപ്പ് ജാക്കറ്റ് മാറ്റി വരികയാണെങ്കില്‍ മാത്രം പ്രവേശിപ്പിക്കാമെന്ന നിലപാടിലായിരുന്നു സംഘാടകര്‍. മാധ്യമപ്രവര്‍ത്തകരെ പൊലീസുകാരും സംഘാടകരും ചേര്‍ന്ന് ഇവരെ പരിപാടിയില്‍ നിന്നും പുറത്താക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.