പ്രശസ്ത കൊറിയന്‍ ടെക്‌നോളജി ബ്രാന്റായ എല്‍ജി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം നിര്‍ത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ കിടമത്സരമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. അവരുടെ ഇരട്ട സ്‌ക്രീനുള്ള എല്‍.ജി വിങ് സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിന് പിന്നാലെയാണ് കമ്പനി ഫോണ്‍ വിപണിയില്‍ നിന്നും വിടപറയാനൊരുങ്ങുന്നത്.

റോയിറ്റേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നേരിടുന്ന കനത്ത നഷ്ടം മൂലമാണ് കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ യൂണിറ്റ് അടച്ചുപൂട്ടാന്‍ പദ്ധതിയിട്ടിട്ടുള്ളത്. മൊബൈല്‍ വ്യവസായത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ നിലനിര്‍ത്തുമെന്നാണ് സൂചന. 60 ശതമാനം ജീവനക്കാരെ മറ്റ് ബിസിനസ്സ് യൂണിറ്റുകളിലേക്ക് മാറ്റാന്‍ എല്‍ജി പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ബാക്കി 40 ശതമാനം ആളുകളെ കമ്പനി എന്ത് ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല.

കമ്പനിക്ക് 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. അത് ഏകദേശം 32,847 കോടി രൂപ വരും. ഒരു കാലത്ത് ആഗോള സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രാന്റായിരുന്നു എല്‍.ജി. എന്നാല്‍, 2020ല്‍ ഏഴാം സ്ഥാനം പോലും അവര്‍ക്ക് അലങ്കരിക്കാനായില്ല.