സൂറിച്ച്: 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ സാധ്യത പരുങ്ങലില്‍. ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബൊളീവിയക്കെതിരെ ഏറ്റ കനത്ത പരാജയവും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഫിഫ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതുമാണ് അര്‍ജന്റീനയെ കുഴക്കുന്നത്. ചിലിയ്ക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ ചീത്തവിളിച്ചതിനാണ് അര്‍ജന്റീന താരം ലയണല്‍ മെസ്സിക്കു ഫിഫ നാലു രാജ്യാന്തര മല്‍സരങ്ങളില്‍നിന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ നിര്‍ണായകമായ അടുത്ത യോഗ്യതാ മല്‍സരങ്ങള്‍ അര്‍ജന്റീനക്ക് കടുത്ത വെല്ലുവിളിയാവും.

വിലക്ക് വന്നതോടെ വരാനിരിക്കുന്ന നാലു യോഗ്യതാ മത്സരങ്ങളിലും മെസ്സിയുടെ സാന്നിധ്യം നഷ്ടമാകും. ഫിഫയുടെ വിലക്ക് പ്രാബല്യത്തിലായതോടെ ഇന്ന്പുലര്‍ച്ചെ ബൊളീവിയയ്‌ക്കെതിരായി നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരവും മെസ്സിക്കു നഷ്ടമായിരുന്നു. നായകനില്ലാതെ മത്സത്തിനിറങ്ങിയ അര്‍ജന്റീനക്ക് ബൊളീവയയോട് 2-0 ന് വന്‍ തോല്‍വിയാണുണ്ടായത്.


ചിലെയ്‌ക്കെതിരായ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറി മെസ്സിക്കെതിരെ ഫൗള്‍ വിളിച്ചപ്പോഴാണ് താരം രോഷാകുലനായത്. റഫറിക്കെതിരെ കൈകളുയര്‍ത്തി സംസാരിച്ച മെസ്സി, അദ്ദേഹത്തെ ചീത്തവിളിക്കുന്നതും മല്‍സരത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പതിനായിരം സ്വിസ് ഫ്രാങ്കും പിഴയായി മെസ്സി അടക്കണം. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അര്‍ജന്റീന ടീം സെക്രട്ടറി ജോര്‍ജെ മിയാദോസ്‌ക്വി പറഞ്ഞു. മെസ്സിയുടെ പെരുമാറ്റത്തെക്കുറിച്ചു റഫറിയുടെ മാച്ച് റിപ്പോര്‍ട്ടില്‍ ഒന്നുമില്ലായിരുന്നെന്നും മിയാദോസ്‌ക്വി പറഞ്ഞു. സംഭവം ബ്രസീലിയന്‍ റഫറി ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ വീഡിയോ പരിശേധനയില്‍ മെസ്സി റഫറിയെ അസഭ്യം പറയുന്നതായി വ്യക്തമായി. മത്സരശേഷം ഈ ഒഫീഷ്യലിന് കൈ കൊടുക്കാനും അര്‍ജന്റീനന്‍ നായകന്‍ തയ്യാറായിരുന്നില്ല. മെസ്സിയുടെ പ്രതികരണം ചുവപ്പ് കാര്‍ഡ് ലഭിക്കാവുന്ന കുറ്റമായാണ് വിലയിരുത്തപ്പെട്ടത്.

റഷ്യ ആതിഥ്യം വഹിക്കുന്ന 2018ലെ ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പിക്കാനാകാതെ ഉഴറുന്ന അര്‍ജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ യോഗ്യതാ മല്‍സരങ്ങളില്‍ മെസ്സി കളിച്ച ആറില്‍ അഞ്ചും അര്‍ജന്റീന ജയിച്ചു. എന്നാല്‍ മെസ്സിയില്ലാതെ മത്സരങ്ങളില്‍ ജയിച്ചത് എട്ടില്‍ ഒന്നു മാത്രമാണ്. ചിലിക്കെതിരായ മല്‍സരത്തില്‍ മെസ്സിയുടെ പെനല്‍റ്റി ഗോളിലാണ് അര്‍ജന്റീന 10നു ജയിച്ചത്. അതേസമയം ബൊളീവിയയോട് മെസില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഇന്നലെയും തോല്‍വി വാങ്ങിയാണ് കയറിയത്.
ലോകകപ്പ് യോഗ്യതയ്ക്ക് ഇനി നാല് മല്‍സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അതില്‍ ലോക താരത്തിന് കളിക്കാനാകാത്തത് വരുന്ന ലോകകപ്പിലേക്കുള്ള അര്‍ജന്റീനയുടെ സാധ്യതകളെ പോലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

തെക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് 2018 റഷ്യന്‍ ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ബ്രസീല്‍ മാത്രമാണ് ലാറ്റിനമേരിക്കയില്‍നിന്ന് ഏതാണ്ട് യോഗ്യത ഉറപ്പാക്കിയിട്ടുള്ള ഒരേയൊരു ടീം. ചിലിക്കെതിരായ ജയത്തോടെ പത്തു ടീമുകളുള്ള തെക്കേ അമേരിക്കന്‍ റൗണ്ടില്‍ അര്‍ജന്റീന നിലവില്‍ മൂന്നാം സ്ഥാനത്താണ്. 14 മല്‍സരങ്ങളില്‍നിന്ന് പത്തു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം ബ്രസീലിന് 33 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊളംബിയക്ക് 14 മല്‍സരങ്ങളില്‍നിന്ന് 24 പോയിന്റാണുള്ളത്. 23 പോയിന്റുള്ള യുറഗ്വാക്കും ചിലിക്കും പിന്നിലായി 14 മത്സരങ്ങളില്‍ നിന്നും 6 ജയവും 4 സമനിലയും 4 തോല്‍വിയുമായി 22 പോയന്റുമായി അര്‍ജന്റീന അഞ്ചാമതാണ്. ആദ്യ ഏഴിലുള്ള ഇക്വഡോര്‍ (20), പെറു (18), പരാഗ്വ (18)എന്നീ ടീമുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് ചെറിയ പോയിന്റിന്റെ മുന്‍തൂക്കമേയുള്ളൂ. ഇനി ഗ്രൂപ്പിലെ ഓരോ മല്‍സരങ്ങളും അതിനിര്‍ണായകമാണ്. ഈ ഘട്ടത്തില്‍ മെസ്സിക്ക് വിലക്കു കൂടി നിലവില്‍ വന്നത് അര്‍ജന്റീനയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാകുകയാണ്.