ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കാന്‍ നിയമം പാസാക്കി ലോക്‌സഭ. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന ഈ നിയമം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പാസ്സായിരുന്നു. കോവിഡോ അല്ലെങ്കില്‍ അത്തരത്തിലുള്ള മഹാമാരിയെയോ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍കരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. നിയമം ഉടനെ നടപ്പിലാക്കുമെന്ന് ലോക്‌സഭ അറിയിച്ചു.

പകര്‍ച്ചവ്യാധി (ഭേദഗതി) ബില്‍ 2020 ശനിയാഴ്ചയാണ് കേന്ദ്രആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. സമാനമായ പകര്‍ച്ചവ്യാധികളുടെ സന്ദര്‍ഭത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ആക്രമണം ചെറുക്കാനും ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യ കേന്ദ്രങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്താനുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൂടാതെ ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമത്തിലൂടെ സംരക്ഷണം നല്‍കുന്നത്.

പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് പോരാടുന്ന സ്ഥാപനങ്ങള്‍ക്കോ അവിടെയുള്ള വസ്തുവകകള്‍ക്കോ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ക്കോ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ക്കോ നാശനഷ്ടമുണ്ടാക്കുന്നവര്‍ക്ക് നിയമത്തിലൂടെ തക്കതായ ശിക്ഷ നല്‍കാനാകും.

ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവര്‍ക്കായിരിക്കും അന്വേഷണ ചുമതല. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും നിയമം അനുശാസിക്കുന്നു. മൂന്ന് മാസം മുതല്‍ അഞ്ചു വര്‍ഷം വരെയാണ് കുറ്റക്കാര്‍ക്കുള്ള ശിക്ഷ. 50,000 മുതല്‍ രണ്ട് ലക്ഷം വരെയുള്ള പിഴ ശിക്ഷയും നിയമം അനുശാസിക്കുന്നു.