പാലക്കാട്: ലോറിക്കാരുടെ സമരത്തിനിടെ പാലക്കാട്ട് തൊഴിലാളിയെ കല്ലെറിഞ്ഞ് കൊന്നു വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.

മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. ലോറി ക്ലീനര്‍ ആണ് മുബാറക്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറ് നടന്നത്. സമരാനുകൂലികളാണ് കല്ലെറിഞ്ഞത് എന്നാണ് സൂചന.

സമരം ശക്തമായതോടെ ഇതരസംസ്ഥാനങ്ങലില്‍ നിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. വിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇത് അവശ്യവസ്തുക്കളുടെ വിലക്കയറ്റിന് കാരണമാകുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഡീസല്‍ വില വര്‍ധനയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്. ഇതിനു പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷനും സമരത്തിലാണ്.