തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ ആറോടെ ന്യൂനമര്‍ദ്ദം കേരളതീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ആറിന് കേരളതീരത്തെത്തുന്ന ന്യൂനമര്‍ദ്ദം അടുത്ത രണ്ട് ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കടലില്‍ പോയിട്ടുള്ളവരും ഇന്നു മുതല്‍ പോകുന്നവരും ഒക്ടോബര്‍ അഞ്ചിനകം തിരികെയെത്തണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.