തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നു തെരഞ്ഞെടുപ്പു മാറ്റിവച്ച തദ്ദേശഭരണ വാര്‍ഡുകളില്‍ പ്രത്യേക തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. ഏഴ് വാര്‍ഡുകളില്‍ ജനുവരി 21 ന് വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.

21 ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ജനുവരി നാല് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മ പരിശോധന അഞ്ചാം തിയതി പൂര്‍ത്തിയാക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഏഴാണ്. 22 ന് രാവിലെ എട്ട് മണി മുതലാണു വോട്ടെണ്ണല്‍.

കൊല്ലം പന്മന ഗ്രാമപ്പഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ പിഎച്ച്‌സി വാര്‍ഡ് (7), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷന്‍ (07) എന്നിവിടങ്ങളിലാണു പ്രത്യേക തെരഞ്ഞെടുപ്പ്.