ഭോപ്പാല്‍; ലുഡോ കളിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ മകള്‍ അച്ഛനെതിരെ കുടുംബകോടതിയില്‍ പരാതി നല്‍കി. മധ്യപ്രദേശിലാണ് സംഭവം. ഇരുപത്തിനാലു വയസ്സുള്ള മകളാണ് അച്ഛനെതിരെ കോടതിയില്‍ എത്തിയത്. ഭോപ്പാല്‍ കുടുംബകോടതിയിലെ സരിത എന്ന അഭിഭാഷകയാണ് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്.

കളിയില്‍ തോല്‍പിച്ചതല്ല മറിച്ച് അച്ഛന്‍ വിശ്വാസവഞ്ചന കാണിച്ചത് തന്നെ മാനസികമായി തളര്‍ത്തിയതായാണ് യുവതിയുടെ പരാതി. അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായും അച്ഛനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാഗ്രഹിക്കുന്നതായും യുവതി പറഞ്ഞു. അച്ഛനെ ഇനി മുതല്‍ അച്ഛനെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

അച്ഛന്‍ തന്നെ ചതിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും അത്രയധികം താന്‍ അദ്ദേഹത്തെ വിശ്വസിച്ചെന്നുമാണ് യുവതിയുടെ വാദം. തന്റെ സന്തോഷത്തിനായി അച്ഛന് പരാജയം സമ്മതിക്കാമായിരുന്നെന്നും സംഭവത്തിന് ശേഷം പിതാവുമായി യാതൊരു ബന്ധവുമില്ലെന്നും യുവതി ആവര്‍ത്തിച്ചതായി സരിത അറിയിച്ചു. കോടതി യുവതിയ്ക്ക് നാല് കൗണ്‍സിലിങ്ങുകള്‍ നല്‍കിയതായും അതിന് ശേഷം യുവതിയ്ക്ക് നേരിയ മനംമാറ്റമുണ്ടായിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.