കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം കിട്ടിയെങ്കിലും മറ്റ് കേസുകള്‍ ഉള്ളതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ഹൈക്കോടതി വിധി പറയും.

സ്വര്‍ണക്കടത്ത് കേസില്‍ നവംബര്‍ 24നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കസ്റ്റംസ് തുടങ്ങിയിട്ടേയുള്ളൂ. കേസിലെ വിദേശകണ്ണിയായ റബിന്‍സ് കെ. ഹമീദിനെ ചോദ്യംചെയ്തശേഷം എല്ലാ പ്രതികള്‍ക്കും പ്രതിചേര്‍ക്കാതിരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും.

അതിനുള്ള മറുപടി ലഭിച്ചശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുക. മൂന്നുമാസമെങ്കിലും വേണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍.