കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി 10ന് അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ഇന്ന് വീണ്ടും ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാകും ചോദ്യം ചെയ്യലെന്നാണ് സൂചന. പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. സ്വപ്‌നയുമായുള്ള പണമിടപാട് സംബന്ധിച്ച വാട്‌സപ്പ് ചാറ്റിങ് നേരത്തെ പുറത്തുവന്നിരുന്നു.

പ്രോട്ടോകോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്തതു സംബന്ധിച്ചായിരുന്നു ഇന്നലെ പ്രധാനമായും ചോദിച്ചറിഞ്ഞത്. ഈന്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം.

യുഎഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 2017 മേയ് 26ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

എന്നാല്‍ പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് അന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചതെന്നും അനുപമയുടെ മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.