തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റ് ആണ്. ഈ വിഭാഗത്തിന്റെ മേധാവിയും ഇവര്‍ തന്നെ.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ കൊണ്ടു പോകാന്‍ വീട്ടിലെത്തിയത്. സ്വകാര്യ കാര്‍ ഒഴിവാക്കി കസ്റ്റംസിന്റെ കാറില്‍ തന്നെ കൊണ്ടു പോകാനായിരുന്നു അധികൃതരുടെ തീരുമാനം.

യാത്രക്കിടയില്‍ ശിവശങ്കറിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും, ഭാര്യയുടെ നേതൃത്വത്തില്‍ അതേ വാഹനത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ശിവശങ്കറിനെ ഇന്ന് ആന്‍ജിയോഗ്രം നടത്തും. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്.