തിരുവനന്തപുരം: എം.വിന്‍സെന്റ് എം.എല്‍.എക്കെതിരെയുള്ള പീഡന ആരോപണത്തില്‍ പരാതിക്കാരിയായ യുവതിക്കെതിരെ സഹോദരി രംഗത്ത്. ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സഹോദരി പറഞ്ഞു.

എം.എല്‍.എക്കെതിരായ ആരോപണത്തിനും ഗൂഢാലോചനക്കും പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ സഹോദരനാണ്. പത്ത് വര്‍ഷത്തിലധികമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നയാളാണ് യുവതി. ഇത്തരത്തിലുള്ള പരാതി തന്റെ സഹോദരി ഇതിനുമുമ്പും ഉന്നയിച്ചിട്ടുണ്ടെന്നും സഹോദരി പറയുന്നു. എല്‍.ഡി.എഫുകാരനായ സഹോദരന് എം.എല്‍.എ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് പ്രതികാരത്തിന് കാരണം. എം.എല്‍.എയെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചെറുപ്പം മുതലേ അറിയാം. അങ്ങനെയൊരു വ്യക്തിയല്ല അദ്ദേഹമെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, എം.എല്‍.എയും പരാതിക്കാരിയും തമ്മില്‍ 900 തവണ വിളിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എം.എല്‍.എ സ്ഥാനം വിന്‍സെന്റ് രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം ഹസ്സന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോടതി കുറ്റവിമുക്തനാക്കുന്നത് വരെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.