കൊല്‍ക്കത്ത: കാര്‍ഷിക നിയമത്തില്‍ സുപ്രീംകോടതി സ്വീകരിച്ച നടപടിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സുപ്രീംകോടതിയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണില്‍ ഒരു അഖിലേന്ത്യ മാര്‍ച്ച് നടത്തിയാലോ എന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് മഹുവ പറഞ്ഞിരിക്കുന്നത്. കര്‍ഷകരോടും കേന്ദ്രത്തോടും സംസാരിച്ച് നിലപാടറിയിക്കാന്‍ നിയമിച്ച കോടതിയുടെ തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെടുന്നതിനിടെയാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഹെല്‍മറ്റോ മാസ്‌കോ ഇല്ലാതെ ഇരിക്കുന്ന ഫോട്ടോ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന്റടിസ്ഥാനത്തിലാണ് മഹുവയുടെ പരിഹാസം എന്നാണ് വിലയിരുത്തപ്പെടുന്നത്. സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരെ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.

അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.
സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷകരും രംഗത്തെത്തിയിരുന്നു.

കാര്‍ഷിക പ്രതിഷേധത്തില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തിനും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് ബോബ്‌ഡെയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.