ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയും ചുവപ്പു നാടയുടെ കുരുക്കിലോ?. പദ്ധതിക്കു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിരോധ കരാറുകളില്‍ ഒന്നുപോലും കഴിഞ്ഞ മൂന്നര വര്‍ഷമായി ലക്ഷ്യം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരമൊരു ചോദ്യമുയര്‍ത്തുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങളുടെ ഇച്ഛാശക്തിയില്ലായ്മയും ഉദ്യോഗസ്ഥ കേന്ദ്രങ്ങളില്‍നിന്നുള്ള അമിത ഇടപെടലുമാണ് പദ്ധതിക്കു തടസ്സം സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അര ഡസനോളം വന്‍ പദ്ധതികളാണ് മെയ്ക് ഇന്‍ ഇന്ത്യക്കു കീഴില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏറെയും പ്രതിരോധ മേഖലയില്‍. മൊത്തം കണക്കെടുത്താല്‍ 3.5 ലക്ഷം കോടിയോളം അടങ്കല്‍ തുക വരുന്നതാണ് ഈ പദ്ധതികള്‍. ഇതില്‍ ഒന്നില്‍പോലും ഇതുവരെ അന്തിമ കരാര്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞിട്ടില്ല. പല കരാറുകളും പല തട്ടുകളിലായി കുരുങ്ങിക്കിടക്കുകയാണ്.
ഫ്യൂച്ചര്‍ ഇന്‍ഫന്ററി കോമ്പാറ്റ് വെഹിക്കിള്‍സ്, (എഫ്.ഐ.സി.വി), നാവിക സേനക്കു വേണ്ടിയുള്ള മള്‍ട്ടി പര്‍പ്പസ് വാഹനമായ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍, ന്യൂജനറേഷന്‍ മുങ്ങിക്കപ്പലുകള്‍, കുഴിബോംബ് വേധ വാഹനങ്ങള്‍, അഞ്ചാം തലമുറ യുദ്ധ വിമാനങ്ങള്‍(എഫ്.ജി.എഫ്.എ) തുടങ്ങിയ പദ്ധതികള്‍ കുരുങ്ങിക്കിടക്കുന്നവയില്‍ ഉള്‍പ്പെടും. തദ്ദേശ നിര്‍മ്മിത തേജസ് യുദ്ധവിമാനങ്ങളുടെ തുടര്‍ച്ചയായി 114 ഒറ്റയെഞ്ചിന്‍ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്.
വിദേശ രാജ്യങ്ങളുമായുള്ള പ്രതിരോധ ഇടപാടുകളാണ് ഇവയില്‍ ഏറെയും. നിശ്ചിത ശതമാനം വിദേശ കമ്പനികളില്‍നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ ശേഷിക്കുന്ന ഭാഗം ഇന്ത്യയില്‍ വച്ചുതന്നെ വികസിപ്പിച്ചു നല്‍കണമെന്ന വ്യവസ്ഥകളോടെയാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് അന്തിമ കരാറുകള്‍ വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ലക്ഷം കോടിയുടെ ഗ്രിപന്‍ – ഇ (സ്വീഡന്‍), എഫ് – 16 (യു.എസ്) പ്രതിരോധ ഇടപാടുകളില്‍ അന്തിമകരാര്‍ ആയിട്ടുണ്ടെങ്കിലും കരാര്‍ പ്രകാരമുള്ള ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിര്‍മലാ സീതാരാമന്‍ പ്രതിരോധ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ പതിനാല് ദിവസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് കരാറുകളുടെ പുരോഗതി വിലയിരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കരാറുകള്‍ ഒരോന്നും വെവ്വേറെ പരിശോധിച്ച് പുരോഗതി വിലയിരുത്താനാണ് തീരുമാനം. എന്നാല്‍ ഇതുകൊണ്ടും പ്രതീക്ഷിച്ച ഫലമുണ്ടാകില്ലെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. ഇവയെല്ലാം വന്‍കിട പദ്ധതികളാണെന്നും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കുറേ സമയം വേണ്ടി വരുമെന്നുമായിരുന്നു പ്രതിരോധ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം.