മലപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാടിനു സമീപം അരിപ്ര വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്ന് വാതകം മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ചോര്‍ച്ചയുള്ള ടാങ്കില്‍നിന്ന് മറ്റൊരു ടാങ്കറിലേക്കാണു വാതകം മാറ്റുന്നത്. ഇതിനായി ഐ.ഒ.സി റിക്കവറി വാന്‍ സ്ഥലത്തെത്തിച്ചു. ഇന്നു രാവിലെ എട്ടിനാണ് അപകടമുണ്ടായത്.

വാതകച്ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സുരക്ഷാ സംഘം സ്ഥലത്തുണ്ട്. ആരേയും ആ ഭാഗത്തേക്ക് കടത്തിവിടുന്നില്ല. സമീപത്തെ വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.