മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഏഴ് പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒന്‍പത് പേര്‍ പത്രിക നല്‍കിയിരുന്നു.
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശ്രീ പി.കെ. കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫിലെ ശ്രീ എം.ബി. ഫൈസല്‍, എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശ്രീ എന്‍ ശ്രീപ്രകാശ് എന്നിവര്‍ നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച സൂക്ഷ്മപരിശോധന വരണാധികാരി കൂടിയായ കലക്ടര്‍ അമിത് മീണയുടെ ചേംബറില്‍ വെച്ചാണ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ എന്നിവര്‍ സൂക്ഷ്മ പരിശോധനയ്ക്ക് എത്തിയിരുന്നു.
അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികക്കെതിരെ ഉയര്‍ന്ന ആരോപണം വരണാധികാരി അംഗീകരിച്ചില്ല. പത്രകയിലെ ഒരു കോളം പൂരിപ്പിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ഇത് തള്ളി കലക്ടര്‍ അമിത് മീണ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിക്കുകയായിരുന്നു. ഒരു കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടതു പത്രിക തള്ളാന്‍ മതിയായ കാരണമല്ലെന്ന് കലക്ടര്‍ അറിയിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ അപരനായി കെ.പി കുഞ്ഞാലിക്കുട്ടിയും എം.ബി ഫൈസലിന്റെ അപരനായി മുഹമ്മദ് ഫൈസലും മത്സര രംഗത്തുണ്ട്.
കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നാലു സെറ്റും എം.ബി ഫൈസലിനു വേണ്ടി രണ്ടും ശ്രീപ്രകാശിന് മൂന്നും സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയായി എം.ഉമ്മറാണ് പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ ഐടി നജീബാണ് ഫൈസലിന്റെ ഡമ്മി.
കഴിഞ്ഞ തവണ മത്സരിച്ച എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ക്ക് ഇത്തവണ മലപ്പുറത്ത് സ്ഥാനാര്‍ത്ഥികളില്ല. തിങ്കളാഴ്ചവരെ പത്രിക പിന്‍വലിക്കാം.
Be the first to write a comment.