ഡല്‍ഹി: ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു. പ്രതിയും മലയാളിയാണ്. ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തു. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണ് 23കാരിക്ക് നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ചയാണ് യുവതി പരാതി നല്‍കിയത്.

ഡല്‍ഹി എന്‍സിആറില്‍ ജോലിക്കായി എത്തിയ 23കാരിയെ സുഹൃത്തായ ആള്‍ തന്നെയാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നോയിഡയില്‍ ജോലി ലഭിക്കുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇവിടെയെത്തിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരി ആറിന് ജോലിക്കുള്ള അഭിമുഖത്തിന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സുഹൃത്തിന്റെ സഹായം തേടിയത്.

വീട്ടില്‍ ഒറ്റയ്ക്കല്ല തന്റെ കുടുംബവും ഉണ്ടെന്ന് പ്രതി യുവതിയെ ധരിപ്പിച്ചു. ഇതിന്റെ ധൈര്യത്തില്‍ കൂടിയായിരുന്നു യുവതി പ്രതിയുടെ വീട്ടിലെത്തിയത്. എന്നാല്‍ യുവതി വീട്ടിലെത്തിയപ്പോള്‍ പ്രതി മാത്രമേ ഉണ്ടായിരുന്നുള്ളു. ചോദിച്ചപ്പോള്‍ ഭാര്യ ചില ജോലികളുമായി ബന്ധപ്പെട്ട് പുറത്ത് പോയതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും അറിയിച്ചു.

പിന്നീട് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി. ഇതോടെ അബോധാവസ്ഥയിലായ താന്‍ അര്‍ധ രാത്രി ഉറക്കം ഉണര്‍ന്നപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി മനസിലാക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.