ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. ഏപ്രില്‍-മെയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബജറ്റില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റിനെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് വിശേഷിപ്പിക്കാനാണ് സാധിക്കുകയെന്ന് ഖാര്‍ഗെ പറഞ്ഞു. ബി.ജെ.പി ഭരണത്തിനിടെ രാജ്യം എന്ത് നേട്ടം കൈവരിച്ചുവെന്ന് വ്യക്തമാക്കാന്‍ അവര്‍ ഇതുവരെ തയാറായിട്ടില്ല. 15 ലക്ഷം രൂപ വീതം ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുമെന്ന വാഗ്ദാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അഞ്ചു വര്‍ഷത്തിനിടെ പത്തു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം ഇതുവരെ നിറവേറ്റിയിട്ടില്ല. വോട്ടു നേടുകയെന്ന ലക്ഷ്യം മാത്രമാണ് ഇത്തരമൊരു ബജറ്റ് അവതരണത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.