ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ബി.ജെ.പിയെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അടുത്ത വര്‍ഷം ജനുവരി 19നാണ് റാലി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് റാലിയുടെ സംഘാടനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ റാലിയിലേക്ക് ക്ഷണിക്കുന്നതിനായി മമത ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് മമത സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, അദ്ദേഹത്തിന്റെ മകള്‍ സുപ്രിയ, മോദി വിരുദ്ധരായ രാം ജത്മലാനി, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവരുമായി മമത കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മമത ഡല്‍ഹിയിലെത്തിയത്. സോണിയാ ഗാന്ധിക്ക് പുറമെ അരവിന്ദ് കെജരിവാള്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തും. കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ കാണുന്നതിനായി മമത ഇന്ന് പാര്‍ലമെന്റിലും സന്ദര്‍ശനം നടത്തുന്നുണ്ട്.