ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യകഷന്‍ അമിത്ഷാക്കെതിരെ വീണ്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കേ അമിത്ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ജാദവ് പൂരില്‍ അമിത്ഷായുടെ റോഡ് ഷോക്ക് അനുമതി നിഷേധിക്കുകയായിരുന്നു മമത.

ജാദവ് പൂരിലേക്ക് എത്തുന്നതിനും ഹെലികോപ്റ്റര്‍ താഴെയിറക്കുന്നതിനും അമിത്ഷാക്ക് അനുമതി കിട്ടിയില്ല. ബംഗാളില്‍ അമിത്ഷായുടെ മൂന്ന് റോഡ് ഷോയാണ് നിശ്ചയിച്ചിരുന്നത്. ജയ്‌നഗര്‍, ജാദവ്പൂര്‍,ബരാസത് എന്നിവിടങ്ങളിലായിരുന്നു റാലി. ഇതില്‍ ജാദവ്പൂരിലെ റോഡ്‌ഷോക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിലും അമിത്ഷാക്ക് അനുമതി നിഷേധിച്ചിരുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. മമത സര്‍ക്കാരിന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദരായി നില്‍ക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിഷേധപ്രകടനം നടത്തുമെന്നും ബി.ജെ.പി അറിയിച്ചു.