കൊച്ചി: ലേഡീസ് ഹോസ്റ്റലിലേക്ക് അന്തേവാസികളെ ലഭിക്കുന്നതിന് പുത്തന്‍ മാര്‍ക്കറ്റിങ് തന്ത്രവുമായി ഹോസ്റ്റല്‍ നടത്തിപ്പുകാര്‍. മലയാൡകളുടെ പ്രിയ നടന്‍ മമ്മൂട്ടിയുടെ അയല്‍ക്കാരാകാം എന്നു പരസ്യം നല്‍കിയാണ് ഹോസ്റ്റലിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിപ്പിക്കുന്നത്. എറണാകുളം കടവന്ത്ര ഗിരിനഗറിനു സമീപത്തെ ലേഡീസ് ഹോസ്റ്റല്‍ അധികൃതരാണ് നഗരത്തില്‍ പലയിടത്തായി ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ലേഡീസ് ഹോസ്റ്റലിനേക്കാള്‍ പ്രാധാന്യത്തോടെയാണ് മമ്മൂട്ടിയുടെ അയല്‍ക്കാരാവാമെന്ന ക്ഷണമുള്ളത്. ലേഡീസ് ഹോസ്റ്റലിന്റെ മേല്‍വിലാസം എന്ന രീതിയിലാണ് മമ്മൂട്ടിയുടെ വസതിക്കു സമീപമെന്ന് എഴുതിയത്. അന്തേവാസികളെ കിട്ടിയാലും ഇല്ലെങ്കിലും ഹോസ്റ്റലിന്റെ പുതിയ മാര്‍ക്കറ്റിങ് തന്ത്രം ഏതായാലും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഫേസ്ബുക്കിലും മറ്റുമായി നിരവധി പേര്‍ ഇതിനെതിരെ രംഗത്തുവന്നു.