ആലപ്പുഴ: കല്ല്യാണത്തിന് പോകാന്‍ മകന്‍ അമ്മയെ നാലുദിവസം വീട്ടില്‍ പൂട്ടിയിട്ടു. അവസാനം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസെത്തിയാണ് അമ്മയെ മോചിപ്പിച്ചത്. ചെന്നിത്തല തെക്കുംമുറി കൊന്നക്കോട്ട് പടീറ്റതില്‍ ലക്ഷ്മിയമ്മ (83)ക്കാണ് ദുരനുഭവമുണ്ടായത്. നാലുദിവസവും ജനാലയിലൂടെ അയല്‍വാസികളാണ് ലക്ഷ്മിയമ്മക്ക് ഭക്ഷണവും വെള്ളവും നല്‍കിയത്.

ലക്ഷ്മിയമ്മക്ക് നാല് മക്കളാണുള്ളത്. ഇതില്‍ മൂന്നുപേരും കേരളത്തിന് പുറത്താണ്. നാട്ടിലുള്ള മകന്റെ കൂടെയാണ് ലക്ഷ്മിയമ്മ താമസിച്ചിരുന്നത്. അമ്മയെ നോക്കാനായി ഇവര്‍ ഹോം നഴ്‌സിനെ ഏര്‍പ്പാടാക്കിയിരുന്നു. ഇവരെ പറഞ്ഞുവിട്ട ശേഷമാണ് മകന്‍ അമ്മയെ പൂട്ടിയിട്ടത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അമ്മയെ പൂട്ടിയിട്ടതെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു.

സംഭവമറിഞ്ഞ് ചെന്നൈയില്‍ നിന്നെത്തിയ മൂത്തമകള്‍ കുമാരി അമ്മയെ ഏറ്റെടുത്തു. അമ്മയെ നോക്കുവാന്‍ തയ്യാറാണെന്നും എന്നാല്‍ മറ്റു മക്കള്‍ തന്നോട് വഴക്കിടാന്‍ വരരുതെന്നും കുമാരി പൊലീസിനോട് പറഞ്ഞു.