ഭോപ്പാല്‍: മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ യുവാവിനെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ബാഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പെണ്‍കുട്ടികളെ ശല്യം ചെയ്‌തെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത ഷുഹൈബ് ഖാന്‍ (25) ആണ് മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഓഫീസറെയും ഹെഡ് കോണ്‍സ്റ്റബിളിനെയും സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം പൊലീസ് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നെന്നും മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും അമ്മാവന്‍ സലാം പത്താന്‍ പറഞ്ഞു. വിവരമറിഞ്ഞ് നിരവധിപേര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായെത്തി. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രദേശത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാക്കളെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നതായും കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുന്നതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.