കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പിടിയിലായത് വന്‍ സ്രാവല്ലെന്ന് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സുനില്‍കുമാര്‍. ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ മാധ്യമങ്ങളോടാണ് സുനില്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് സുനില്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്.

ഇപ്പോള്‍ കുടുങ്ങിയത് വന്‍സ്രാവല്ല. കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങാനുണ്ടെന്നും സുനി പറഞ്ഞു. കോടതി സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി നീട്ടി.നേരത്തേയും കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു കേസില്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി പറഞ്ഞത്. അതിനുശേഷമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലാവുന്നത്.

അതേസമയം, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചനയില്‍ പങ്കില്ലെന്നും കസ്റ്റഡിയിലായാല്‍ പോലീസ് മൂന്നാംമുറ പ്രയോഗിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അപ്പുണ്ണി ജാമ്യാപേക്ഷയില്‍ പറയുന്നു. സുനില്‍കുമാറുമായോ മറ്റുള്ളവരുമായോ ബന്ധമില്ല. പോലീസ് തന്നേയും നാദിര്‍ഷയേയും മാപ്പുസാക്ഷികളാക്കാന്‍ ശ്രമിക്കുകയാണെന്നും അപ്പുണ്ണി പറഞ്ഞു.