മംഗളൂരു: പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പൊലീസ് കമ്മീഷണറുടെ മുന്നില്‍ വെച്ച് പ്രതിയുടെ കരണത്തടിച്ച് പെണ്‍കുട്ടി. കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴാണ് പെണ്‍കുട്ടി പ്രതിയുടെ മുഖത്തടിച്ചത്.

ബസില്‍ യാത്രചെയ്യവെ ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബസിലെ യാത്രക്കാരോടും ജീവനക്കാരോടും കുട്ടി പരാതിപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു കുട്ടിയുടെ പ്രതികരണം. തുടര്‍ന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

മംഗളൂരു പെര്‍ളകട്ട മുതല്‍ പമ്പ്വെല്‍ വരെയാണ് പെണ്‍കുട്ടി ബസില്‍ യാത്ര ചെയ്തത്. പ്രതി ശല്യപ്പെടുത്തല്‍ തുര്‍ന്നതോടെ പെണ്‍കുട്ടി ഇയാളുടെ ഫോട്ടോയെടുക്കുകയായിരുന്നു. പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മംഗളൂരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിന് മംഗളൂരു കമ്മീഷണര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു പെണ്‍കുട്ടിക്ക് ഇത്തരം ഒരു ദുരനുഭവം ഉണ്ടായിട്ടും പ്രതികരിക്കാതിരുന്ന യാത്രക്കാര്‍ തങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.