ലണ്ടന്‍: ഫുട്‌ബോള്‍-അന്നും ഇന്നും ഡിയാഗോ മറഡോണയുടെ ജീവിതമാണ്. അര്‍ജന്റീന എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ സോക്കര്‍ ലോകത്തിന്റെ നെറുകയിലെത്തിച്ച സൂപ്പര്‍ താരം കഴിഞ്ഞ ദിവസം ഫിഫയുടെ ദി ബെസ്റ്റ് പുരസ്‌ക്കാരചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും പ്രിയപ്പെട്ട അഞ്ച് മുഹൂര്‍ത്തങ്ങള്‍ പറയാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ 1982 ല്‍ താന്‍ കളിച്ച ആദ്യ ലോകകപ്പാണ് അദ്ദേഹത്തിന് ഓര്‍മ വന്നത്. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ അര്‍ജന്റീന ബെല്‍ജിയത്തോട് തോല്‍ക്കുന്നു. അതിനാല്‍ തന്നെ ഹംഗറിയുമായുള്ള രണ്ടാം മല്‍സരം നിര്‍ണായകമായിരുന്നു. ആ മല്‍സരത്തില്‍ ഗോള്‍ നേടാനായതാണ് വലിയ മുഹൂര്‍ത്തം. അതേ ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ച മല്‍സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡും മറഡോണ മറക്കുന്നില്ല. 3-1ന് അര്‍ജന്റീന ലീഡ് ചെയ്യുന്ന മല്‍സരം. ആവേശത്തോടെ കളിക്കുമ്പോള്‍ വെറുതെ ബാറ്റിസ്റ്റയെ ഫൗള്‍ ചെയ്തു. അതിന് ചുവപ്പ് കിട്ടി. 1986 ലെ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ആ നൂറ്റാണ്ടിന്റെ ഗോള്‍. അത് മറക്കാന്‍ മറഡോണക്കാവില്ല. മധ്യവരയില്‍ നിന്നും പന്ത് സ്വീകരിച്ച് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാരെയും ഗോള്‍ക്കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണെയും പരാജയപ്പെടുത്തിയുള്ള ഗോള്‍. 1990 ലെ ലോകകപ്പില്‍ ബ്രസീലിനെ ഒരു ഗോളിന് ഞങ്ങള്‍ തോല്‍പ്പിക്കുന്നു. കനീജിയയാണ് ആ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്. എല്ലാവരും ആ ഗോളിന് പഴിച്ചത് ബ്രസീല്‍ ഡിഫന്‍ഡര്‍ അലിമാവോയെയായിരുന്നു. പക്ഷേ സത്യത്തില്‍ അത് ഡുംഗെയുടെ പിഴവായിരുന്നു. ഞാന്‍ ഡുംഗെയെ മറികടന്നാണ് പന്ത് കനീജിയക്ക് നല്‍കിയത്. അതേ ലോകകപ്പില്‍ തന്നെ ഇറ്റലിയുമായി നടന്ന 1-1 സമനിലയും പിന്നെ ഷൂട്ടൗട്ടില്‍ ജയിക്കാനായതും ഡിയാഗോ മറക്കുന്നില്ല.