കസബ വിവാദം കത്തിനില്‍ക്കുമ്പോള്‍ മമ്മുട്ടിയുടെ പ്രതികരണം എന്ന നിലയില്‍ പുതിയ ചിത്രം മാസ്റ്റര്‍ പീസിലെ ഡയലോഗ് വൈറലാവുന്നു. ‘ഐ ഡു റെസ്പക്ട് വുമണ്‍, ബെറ്റര്‍ യു മൈന്‍ഡ് യുവര്‍ വേര്‍ഡ്‌സ്.’എന്നാണ് മമ്മുട്ടിയുടെ ഡയലോഗ്. ചിത്രത്തില്‍ പലയിടങ്ങളിലും മമ്മുട്ടി ഈ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സിനിമ കണ്ടിറങ്ങിയവര്‍ ഡയലോഗിന്റെ അര്‍ത്ഥം തേടിയിറങ്ങിയത്. ഇത് നടി പാര്‍വ്വതിക്കുള്ള മറുപടിയാണെന്ന് പലരും തീരുമാനിച്ചിരിക്കുകയാണ്.

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പാര്‍വ്വതി വിമര്‍ശനമുന്നയിച്ചത് സിനിമാമേഖലയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം ശക്തമായപ്പോഴും മമ്മുട്ടി നിശബ്ദനായിരുന്നു. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷം നടന്‍ സിദ്ധീഖിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മുട്ടി പറഞ്ഞെന്ന രീതിയിലുള്ള പരാമര്‍ശം ഉണ്ടായി. അതുമാത്രമാണ് മമ്മുട്ടിയുടെ പ്രതികരണമെന്ന നിലയില്‍ പുറത്തറിയുന്നത്. മമ്മുട്ടിയുടെ മൗനം തന്നെ അപകടകരമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടും മമ്മുട്ടി പ്രതികരിച്ചിട്ടില്ല. അതിനിടെയാണ് മാസ്റ്റര്‍ പീസ് പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ മമ്മുട്ടി ഇങ്ങനൊരു ഡയലോഗ് പറയുന്നുണ്ടെന്നും അത് പാര്‍വ്വതിക്കുള്ള മറുപടിയാണെന്നും ആരാധകര്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ ചിത്രം വിവാദങ്ങള്‍ക്ക് എത്രയോ മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയതാണെന്ന് ആരും ഓര്‍ക്കുന്നില്ലെന്നതാണ് തമാശ.