തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനെ ആരോഗ്യാവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ എതിര്‍ത്തെന്നാണ് സൂചന.

ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം രേഖപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഒരു കൈയില്‍ ഡ്രിപ്പും മറ്റൊരു കൈയില്‍ മുറിവുമായതിനാല്‍ വിരലടയാളം രേഖപ്പെടുത്താന്‍ ഡോക്ടര്‍ അനുവദിച്ചില്ല. ഡ്രൈവിങ് സീറ്റില്‍ നിന്നുളള വിരലടയാളം ഫോറന്‍സിക് ടീം എടുത്തെങ്കിലും അത് ഒത്തു നോക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് പല ദൃക്‌സാക്ഷി മൊഴികള്‍ ഒത്തുനോക്കി പൊലീസ് സ്ഥിരീകരിച്ചെങ്കിലും അതിന് കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ കൂടി വേണം.

അപകടമുണ്ടായ ശേഷം ജനറല്‍ ആസ്പത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകാനാണ് ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ റഫര്‍ ചെയ്തത്. എന്നാല്‍ ഇതിന് വിസമ്മതിച്ച ശ്രീറാം കിംസ് ആസ്പത്രിയില്‍ പോയി അഡ്മിറ്റാവുകയായിരുന്നു.