kerala

മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ല

By webdesk17

November 22, 2024

കോഴിക്കോട് : തീർത്തും സാധാരണക്കാരായ ജനങ്ങളുടെ ആശാ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ലെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്. സർക്കാരിന്റെ തെറ്റായ ഇത്തരം നീക്കങ്ങളും അധികാരികളുടെ ഇടപെടലുകളും മെഡിക്കൽ കോളേജിനെ മാത്രം ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളോട് ചെയ്യുന്ന അനീതിയാണ്. മെഡിക്കൽ കോളേജിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങളും സൗകര്യങ്ങളും വരേണ്ടതുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയില്ലാതെ രോഗികളെ പ്രയാസപ്പെടുത്തുന്ന നടപടിക്രമങ്ങളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്. ഇത്തരം നീക്കങ്ങളെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിരോധിക്കും. ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രിൻസിപ്പാൾ ഡോ: കെ.ജി സജിത്ത് കുമാറിന് നിവേദനം നൽകി.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, സംസ്ഥാന സമിതി അംഗം എ. ഷിജിത്ത് ഖാൻ, ജില്ലാ സെക്രട്ടറി സമദ് നടേരി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഷൗക്കത്ത് വിരുപ്പിൽ തുടങ്ങിയവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്. ന്യായമായ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.